കൊല്ലം: സോളാര്‍ കേസില്‍ മന്ത്രി ഗണേഷ്കുമാറിനെതിരേ മുന്‍ പേഴ്സണല്‍ സ്റ്റാഫ് സുധീര്‍ മലയിലിന്റെ മൊഴി. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീര്‍ മലയില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേട്ട് ഇ.ആര്.അര്‍ജുന്‍രാജിനു മുന്‍പാകെ മൊഴി നല്കി.
സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര്‍ ജേക്കബിന്റെ പരാതിയിലാണ് മൊഴി നല്‍കിയത്. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷും പ്രതികളായ സോളര്‍ ഗൂഢാലോചന കേസില്‍ സാക്ഷിയാണു സുധീര്‍. 2011 മുതല്‍ 2013 വരെ സംസ്ഥാന വനം, കായിക മന്ത്രിയായിരുന്ന ഗണേഷിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് സുധീര്‍.
പരാതിക്കാരിയുമായി ഗണേഷ്കുമാര് അടുത്ത ബന്ധം പുലര്‍ത്തുന്നതായി ബോധ്യപ്പെട്ടിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ നിത്യസന്ദര്‍ശകയായിരുന്നെന്നും മൊഴിയിലുണ്ട്.
ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള കത്തു നല്‍കിയിട്ടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗണേഷിനെ സംരക്ഷിച്ചു. മുന്‍ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിനും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ 2013 ഏപ്രില്‍ രണ്ടിനു ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചു.
പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കി. മന്ത്രിസ്ഥാനം തിരികെ ലഭിക്കാന്‍ ഗണേഷ് പലതവണ ഉമ്മന്‍ചാണ്ടിയെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. അക്കാലത്താണ്, ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും പീഡനക്കേസില്‍ കുടുക്കുമെന്നും തന്നോടു പറഞ്ഞതെന്നും സുധീര്‍ പറയുന്നു.
പിന്നീടു ഗണേഷ് എല്‍ഡിഎഫിലേക്കു പോയി. പത്തനാപുരത്തുനിന്നു വീണ്ടും എംഎല്‍എ ആയി. സോളര്‍ കേസിലെ പരാതിക്കാരി പീഡന പരാതികളുമായി രംഗത്തെത്തുമ്പോഴാണു ഗണേഷ് മുന്‍പു പറഞ്ഞതു യാഥാര്‍ഥ്യമായെന്നു ബോധ്യപ്പെട്ടതെന്നും സുധീര്‍ മൊഴി നല്കി.
കേസില്‍ അവധിക്ക് അപേക്ഷ നല്കിയ സാക്ഷി അഡ്വ.ഫെനി ബാലകൃഷ്ണനോട് 12നു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
സോളര്‍ ഗൂഢാലോചന കേസ് പ്രചാരണായുധമാക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുംവരെ തുടര്‍നടപടികള്‍ മാറ്റിവയ്ക്കണമെന്നുമുള്ള ഗണേഷ്കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.